ഡബ്ലിൻ: അയർലന്റിൽ ബുധനാഴ്ച അനുഭവപ്പെട്ടത് റെക്കോർഡ് താപനില. ഏപ്രിൽ മാസത്തെ അവസാന ദിനമായ ഇന്നലെ രാജ്യമെമ്പാടും താപനില 25 ഡിഗ്രിയ്ക്ക് മുകളിൽ ഉയർന്നു. 41 വർഷങ്ങൾക്ക് മുൻപാണ് രാജ്യത്ത് അവസാനമായി ഇത്രയും ഉയർന്ന താപനില അനുഭവപ്പെട്ടത്.
കോ ഗാൽവെയിൽ താപനില ദേശീയ റെക്കോർഡ് മറികടന്നു. 25.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ബുധനാഴ്ച ആതൻറിയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ കോ ഗാൽവെയില താപനിലയായി രേഖപ്പെടുത്തിയത്. അതേസമയം മയോയിലെ ന്യൂപോർട്ട് സ്റ്റേഷനിൽ ദേശീയ റെക്കോർഡിനെക്കാൾ 0.1 ഡിഗ്രിയ്ക്ക് താഴെയായിരുന്നു താപനില. ന്യൂപോർട്ടിൽ മെർക്കുറിയുടെ അളവ് 25.7 ഡിഗ്രിയായി വർദ്ധിച്ചു. 2011 ഏപ്രിൽ മാസത്തിൽ ആയിരുന്നു ഇതിന് മുൻപ് ന്യൂപോർട്ടിൽ മെർക്കുറിയുടെ അളവ് റെക്കോർഡിൽ എത്തിയത്. 23.4 ഡിഗ്രിയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
രാജ്യത്തെ 16 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലാണ് ബുധനാഴ്ച 25 ഡിഗ്രിയ്ക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയത്. അയർലന്റിന്റെ ചരിത്രത്തിൽ തന്നെ രണ്ടാമത്തെ തവണയാണ് ചൂട് 25 ഡിഗ്രിയ്ക്ക് മുകളിൽ എത്തുന്നത്. 1984 ഏപ്രിൽ 26 ആയിരുന്നു ഇതിന് മുൻപുള്ള അയർലന്റിലെ ഏറ്റവും ചൂടേറിയ ദിനം. അന്ന് 25.8 ഡിഗ്രി ആയിരുന്നു രാജ്യത്തെ താപനില.

