ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീടിനുള്ളിൽ ഐറിഷ് റെയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ. ക്ലോൺമെൽ ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഗാർഡ അറിയിച്ചു. 49 കാരനായ ഇയാൻ വാൽഷാണ് മരിച്ചത്.
ഈ മാസം 4 ന് ആയിരുന്നു സംഭവം. റാവൻസ്വുഡ് എസ്റ്റേറ്റിലെ വീട്ടിൽ ആയിരുന്നു ഇയാനെ മരിച്ച നിലയിൽ കണ്ടത്. ആരോ വീട്ടിൽ അതിക്രമിച്ച് കയറിയതായുള്ള സൂചന പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് ലഭിച്ചിരുന്നു. പോസ്റ്റ്മോർട്ടിൽ മരണകാരണം ആഴത്തിൽ ശരീരത്തിനേറ്റ മുറിവാണെന്ന് വ്യക്തമായതോടെ സംഭവം കൊലപാതകം ആണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. കൗമാരക്കാരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഗാർഡ പുറത്തുവിട്ടിട്ടില്ല.

