ഡബ്ലിൻ: നഗരത്തിൽ ഭവനപദ്ധതികൾ കാര്യക്ഷമമായി പൂർത്തീകരിക്കാൻ കഴിയാതെ ഡബ്ലിൻ സിറ്റി കൗൺസിൽ. 2022 മുതൽ 2024 വരെ ലക്ഷ്യമിട്ടതിൽ 49 ശതമാനം വീടുകൾ മാത്രമാണ് കൗൺസിലിന് നിർമ്മിച്ച് നൽകാൻ കഴിഞ്ഞിട്ടുള്ളത്. വിഷയത്തിൽ കൗൺസിലിനെതിരെ വിമർശനം ഉയരുന്നുണ്ട്. ഇന്നലെ കൗൺസിലിൽ നടന്ന ഭവന സമിതി യോഗത്തിൽ ഭവനനിർമാണ വിഭാഗം മേധാവി മിക്ക് മുൾഹെർൻ ആണ് ഇത് സംബന്ധിച്ച കണക്കുകൾ കൗൺസിലർമാർക്ക് നൽകിയത്.
രണ്ട് വർഷം കൊണ്ട് 4,800 വീടുകൾ നിർമ്മിച്ച് നൽകാനായിരുന്നു കൗൺസിൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2,341 വീടുകൾ മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്. 2022 ൽ 895 വീടുകൾ നിർമ്മിക്കേണ്ടിയിരുന്ന സ്ഥാനത്ത് 613 വീടുകൾ മാത്രമാണ് നിർമ്മിച്ചത്. അടിയന്തിര സാഹചര്യം പരിഗണിച്ച് 2023 ലും 2024 ലും 1931, 1947 എന്നിങ്ങനെ വീടുകൾ നിർമ്മിക്കാൻ ആയിരുന്നു പദ്ധതി. എന്നാൽ 2023 ൽ 759 വീടുകളും 2024 ൽ 969 വീടുകളും കൈമാറാനേ കൗൺസിലിന് സാധിച്ചുള്ളൂ. ഈ വർഷം ഇതുവരെ 235 വീടുകൾ വിതരണം ചെയ്തിട്ടുണ്ട്.

