ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വളർത്തുനായ്ക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണമെന്ന് അറിയിച്ച് പ്രമുഖ അനിമൽ ചാരിറ്റി സംഘടനയായ ഐറിഷ് ബ്ലൂ ക്രോസ്. വീട്ടിലുള്ളപ്പോഴും പുറത്തേയ്ക്ക് കൊണ്ടുപോകുമ്പോഴും ഒരു പരിധിയിൽ കവിഞ്ഞ് വളർത്ത് നായ്ക്കൾക്ക് ചൂട് ഏൽക്കാതെ ശ്രദ്ധിക്കണം. ചില ഇനം നായ്ക്കൾക്ക് ചൂട് ഒട്ടും സഹിക്കാൻ കഴിയില്ലെന്നും ഐറിഷ് ബ്ലൂ റോസിലെ വെറ്റിനറി സർവ്വീസ് ഹെഡ് ആയ ഡോ. സോഫി ഓല പറഞ്ഞു.
പുറത്ത് നടക്കുമ്പോൾ നായ്ക്കളുടെ പാദങ്ങൾക്ക് ചൂടേൽക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ കൈ കൊണ്ട് നിലത്ത് സ്പർശിച്ച് നോക്കിയതിന് ശേഷം മാത്രം ഇവയെ നിലത്തുകൂടി നടത്തുക. കാറിനുള്ളിൽ നായ്ക്കളെ ഇരുത്തിപോകാതിരിക്കുക. ചൂടുള്ള സമയങ്ങളിൽ നായ്ക്കളെ വ്യായാമം ചെയ്യിക്കുന്നത് ഒഴിവാക്കണം എന്നും സോഫി ഓല വ്യക്തമാക്കി.
ചൂടുള്ള സമയങ്ങളിൽ വീട്ടിനുള്ളിൽതന്നെ നായ്ക്കളെ ഇരുത്തുക. ആവശ്യത്തിന് തണുത്തവെള്ളം നൽകുക. ഹീറ്റ് സ്ട്രോക്കുകൾ നായ്ക്കളുടെ ജീവൻ നഷ്ടമാകാൻവരെ കാരണമായേക്കാമെന്നും ഓല ഒർമ്മിപ്പിച്ചു.

