ഡബ്ലിൻ: അയർലന്റിലെ ജയിലുകളിലേക്ക് സിന്തറ്റിക് കഞ്ചാവ് കടത്തുന്നത് വ്യാപകമാകുന്നു. കത്തുകളുടെ രൂപത്തിലാണ് ഇവ ജയിൽ മുറികളിൽ എത്തുന്നത്. സംഭവം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
സിന്തറ്റിക് കഞ്ചാവ് കൊണ്ട് നിർമ്മിച്ച കത്തുകൾ കണ്ടുപിടിയ്ക്കുക ദുഷ്കരമാണ്. ഇത് മുതലെടുത്താണ് കത്തുകളുടെ രൂപത്തിൽ തപാൽ വഴി തടവുപുള്ളികളിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന കത്തുകൾ ഭക്ഷിക്കുകയോ കത്തിച്ച് പുക ശ്വസിക്കുകയോ ചെയ്യും.
സംഭവം അറിഞ്ഞതോടെ ജയിലുകളിലേക്ക് വരുന്ന കത്തുകൾ നേരിട്ട് തടവുപുള്ളികൾക്ക് നൽകുന്നത് നിർത്തലാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം ഇതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്താണ് അധികൃതർ തടവ് പുള്ളികൾക്ക് നൽകുന്നത്.