വിദ്യാഭ്യാസ മന്ത്രി പോൾ ഗിവാന്റെ രാജി ആവശ്യപ്പെടുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് സിൻ ഫെയ്ൻ . ഇസ്രായേൽ സന്ദർശനത്തിനിടെ ഒരു സ്കൂൾ സന്ദർശിക്കുകയും തന്റെ വകുപ്പിനോട് സോഷ്യൽ മീഡിയ ചാനലുകളിൽ ഇത് പരസ്യപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മന്ത്രിയ്ക്കെതിരെ വിമർശനമുയർന്നത്.
ശനിയാഴ്ച, ഗിവാന്റെ രാജി ആവശ്യപ്പെട്ട് ബെൽഫാസ്റ്റ് സിറ്റി ഹാളിൽ ജനക്കൂട്ടം തടിച്ചുകൂടി. പീപ്പിൾ ബിഫോർ പ്രോഫിറ്റ് എംഎൽഎ ഗെറി കരോൾ മിസ്റ്റർ ഗിവാനെതിരെ സമർപ്പിച്ച അവിശ്വാസ ഹർജിയെ തന്റെ പാർട്ടി പിന്തുണയ്ക്കുമെന്ന് സിൻ ഫെയ്ൻ എംഎൽഎ ഡീഡ്രെ ഹാർഗെ സ്ഥിരീകരിച്ചു.
എസ്ഡിഎൽപിയും പിന്തുണയ്ക്കുമെന്ന് സൂചിപ്പിച്ചതിനെത്തുടർന്ന് നിവേദനത്തിന് ആവശ്യമായ 30 ഒപ്പുകൾ ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഗെറി കരോൾ പറഞ്ഞു.ഗിവാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 12,000-ത്തിലധികം പേർ ചേർന്ന് ഓൺലൈൻ നിവേദനത്തിലും ഒപ്പ് വച്ചു.
എന്നാൽ ഡിയുപി നേതാവ് ഗാവിൻ റോബിൻസൺ ഗിവാന് പൂർണ്ണ പിന്തുണ അറിയിച്ചു. അതേസമയം ‘ എന്റെ സ്വഭാവത്തെയും വടക്കൻ അയർലൻഡിലെ ജനങ്ങളോടുള്ള എന്റെ പ്രതിബദ്ധതയെയും ചോദ്യം ചെയ്യാൻ ശ്രമിച്ചവർ എന്നെ അപകീർത്തിപ്പെടുത്തി.‘ എന്നാണ് ഫേസ്ബുക്ക് പേജിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, ഗിവാൻ പറയുന്നത്.

