ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലെ എയർസൈഡ് ഏരിയയിലേക്ക് സ്ത്രീകൾ അതിക്രമിച്ച് കടന്നു. ഇവരെ നേരിടുന്നതിനിടെ പോലീസുകാരന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച വൈകീട്ട് നാലര മണിയോടെയായിരുന്നു സംഭവം. 4.25 നുള്ള വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ സുരക്ഷാ വേലി തകർത്ത് മൂന്ന് സ്ത്രീകൾ എയർസൈഡ് ഏരിയയിലേക്ക് കടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ജീവനക്കാർ എയർട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചു. ഇതോടെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ സ്ത്രീകൾ സിയോച്ചാന ഗാർഡ അംഗത്തെ ആണ് ആക്രമിച്ചത്.
അതേസമയം ഷാനൻ വിമാനത്താവളത്തിൽ ഈ മാസം ഉണ്ടാകുന്ന രണ്ടാമത്തെ സുരക്ഷാ വീഴ്ചയാണ് ഇത്. രണ്ട് ആഴ്ച മുൻപ് വാനുമായി ഒരു സംഘം സുരക്ഷാ വേലി തകർത്ത് വിമാനത്താവളത്തിലേക്ക് അതിക്രമിച്ച് കടന്നിരുന്നു.

