ബോംബ് ഭീഷണിയെത്തുടർന്ന് സോമർസെറ്റിലെ ഫ്രോം കമ്മ്യൂണിറ്റി കോളേജിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. ഫ്രോം കമ്മ്യൂണിറ്റി കോളേജിൽ ഇന്നലെ രാവിലെ 8.30 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ ഗ്രൗണ്ടിൽ ഒരു ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് അജ്ഞാത വ്യക്തി വിളിച്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു.
പോലീസ് ഉടൻ തന്നെ കാമ്പസ് പരിശോധിക്കാൻ സ്കൂളിലേക്ക് എത്തി. സ്കൂൾ ഗ്രൗണ്ടിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ച ശേഷമായിരുന്നു തെരച്ചിൽ . എന്നാൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല . വ്യാജ സന്ദേശമാണെന്ന നിഗമനത്തിലാണ് പൊലീസ് . തുടർന്ന് സ്കൂൾ വീണ്ടും തുറന്ന് നൽകി.
ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പോലീസ് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. ” ഫ്രോം കമ്മ്യൂണിറ്റി കോളേജിൽ ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഒരു ബോംബ് ഉണ്ടെന്ന് അറിയിച്ചുകൊണ്ട് ഒരു കോൾ ലഭിച്ചു. പോലീസിനെ ഉടൻ വിളിച്ച് വിവരം അറിയിച്ചു , ജീവനക്കാരുമായി പരിശോധന നടത്തി . എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല, കോൾ ദുരുദ്ദേശ്യപരമായി കണക്കാക്കപ്പെട്ടു. ഈ സമയത്ത് കോളേജിലെ നിർദ്ദിഷ്ട പ്രദേശത്തെ എല്ലാ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു, താമസിയാതെ സാധാരണ സ്കൂൾ ദിനം പുനരാരംഭിച്ചു.”എന്നാണ് കുറിപ്പിൽ പറയുന്നത് .

