ഡബ്ലിൻ: അയർലന്റിലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനമായി ശനിയാഴ്ച. അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. 31.1 ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.
കൗണ്ടി റോസ്കോമണിലെ മൗണ്ട് ദില്ലനിൽ ആയിരുന്നു രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയായ 31 ഡിഗ്രി രേഖപ്പെടുത്തിയത്. കൗണ്ടി കാർലോയിലെ ഒക്ക് പാർക്ക്, ഷാനൻ വിമാനത്താവളം, മുള്ളിംഗർ എന്നിവിടങ്ങളിൽ താപനില 30 ഡിഗ്രിയും രേഖപ്പെടുത്തി. കൗണ്ടി ഡെറിയിലെ മഗില്ലിഗണിലും 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയിരുന്നു താപനില.
നിലവിൽ ഉഷ്ണതരംഗമുള്ള പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ അനുഭവപ്പെടുന്നതിനെക്കാൾ ഉയർന്ന താപനിലയായിരുന്നു അയർലന്റിന്റെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ.

