ബെൽഫാസ്റ്റ്: ഇന്ധനവില വർധനവിനെതിരെ വടക്കൻ അയർലൻഡിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുമെന്ന അഭ്യൂഹങ്ങൾക്കിടെ നിർദ്ദേശവുമായി വിദ്യാഭ്യാസ അതോറിറ്റി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിലേക്കും വീട്ടിലേക്കുമുള്ള യാത്രയിൽ തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് വിദ്യാഭ്യാസ അതോറിറ്റി വ്യക്തമാക്കി. അതുകൊണ്ട് തന്നെ യാത്രയ്ക്കായി അധിക സമയം വേണ്ടിവന്നേക്കാം. സ്ഥിതിഗതികൾ സൂക്ഷ്മമായി തന്നെ വിലയിരുത്തി വരികയാണെന്നും വിദ്യാഭ്യാസ അതോറിറ്റി കൂട്ടിച്ചേർത്തു.
ഏപ്രിൽ 24 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സൂപ്പർമാർക്കറ്റ് വിതരണ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ, ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളം , ബെൽഫാസ്റ്റ് ഡോക്സ് ഏരിയയിലെ എണ്ണ ടെർമിനലുകൾ എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ പരസ്യപ്പെടുത്തുന്ന ഒരു എഐ പോസ്റ്ററുകൾ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.

