ന്യൂഡൽഹി : 20 പേരടങ്ങുന്ന വിമത സംഘം നാണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ലയിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കകോലി ഘോഷ് ദസ്തിദാർ. ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ട ശേഷമാണ് കകോലി ഘോഷ് ഇക്കാര്യം അറിയിച്ചത്. എൻ ഡിഎയുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും കകോലി ഘോഷ് പറഞ്ഞു.
‘ എഐടിസിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളിൽ 20 എം പി മാർ സ്പീക്കറെ കണ്ട് വെവ്വേറെ ഇരിക്കാൻ അഭ്യർത്ഥിച്ച് കത്ത് നൽകി. ഈ ഇരുപത് എം പി മാർ ഞങ്ങളുടെ മൊത്തം ശക്തിയുടെ മൂന്നിൽ രണ്ട് ഭാഗത്തിലധികം വരും. ഞങ്ങൾ രാജ്യത്തിനായി പ്രവർത്തിക്കുകയും , എൻ ഡിഎ യുമായി ചേർന്ന് ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യും. ‘ കകോലി ഘോഷ് ദസ്തിദാർ പറഞ്ഞു.
ലോക്സഭയിൽ 28 എം പി മാരാണ് തൃണമൂലിന് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മമതയെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ തീരുമാനം.പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപ് ലോക്സഭയിൽ പ്രതിപക്ഷാംഗങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും ഇത് കാരണമാകും.

