ഡബ്ലിൻ: സിറ്റി വെസ്റ്റിലെ അഭയാർത്ഥികൾക്കായുള്ള ഹോട്ടലിന് മുൻപിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കുറ്റം ചുമത്തി. 40 വയസ്സുള്ള യുവാവിനെതിരെയാണ് കുറ്റം ചുമത്തിയത്. ഈ മാസം 21 നും 22 നും ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.
ഞായറാഴ്ചയാണ് 40 കാരനെ കലാപ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഇയാളെ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് ആയിരുന്നു പോലീസ് ഇയാൾക്ക് മേൽ ചുമത്തിയിരുന്നത്. എന്നാൽ ഇതിന് പുറമേ ക്രിമിനൽ ജസ്റ്റിസ് (പബ്ലിക് ഓർഡർ) ആക്ടിലെ 15ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ കോടതിയും ചുമത്തുകയായിരുന്നു. ഇയാളെ അടുത്ത മാസം 24 ന് വീണ്ടും കോടതിയിൽ ഹാജരാക്കും.

