ഡബ്ലിൻ: അയർലന്റിൽ ഭക്ഷ്യോത്പന്നങ്ങൾക്കും പാനീയങ്ങൾക്കും വില വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവയുടെ വിലയിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പണപ്പെരുപ്പമാണ് ഭക്ഷ്യ വസ്തുക്കളുടെയും പാനീയങ്ങളുടെയും വില വർദ്ധനവിന് കാരണമാകുന്നത് എന്നും സിഎസ്ഒ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ജൂൺ മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ പണപ്പെരുപ്പം ഇരട്ടിയായിട്ടുണ്ട്. ഇത് രാജ്യവ്യാപകമായി സാധനങ്ങളുടെ വില ഉയരാൻ കാരണമായി. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരം ഈ വർഷം ജൂണിൽ 454 ഗ്രാം ബട്ടറിന്റെ വില 28 ശതമാനം വർദ്ധിച്ചു. മറ്റ് പാലുത്പന്നങ്ങളുടെ വിലയിലും വർദ്ധനവുണ്ട്. പാൽ, ചീസ് എന്നിവയുടെ വിലയിൽ കഴിഞ്ഞ 12 മാസത്തിനിടെ വലിയ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

