ക്ലെയർ: കൗണ്ടി ഫെർമനാഗിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട അമ്മയ്ക്കും മക്കൾക്കും വേണ്ടി ക്ലെയറിൽ പ്രാർത്ഥന. ഇന്ന് വൈകീട്ടോടെയാണ് ബെയർഫീൽഡിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളിയിൽ ഇടവക അംഗങ്ങൾ പ്രാർത്ഥനയും ശുശ്രൂഷയും സംഘടിപ്പിക്കുക. പ്രാർത്ഥനയിൽ എല്ലാവരും പങ്കെടുക്കണമെന്ന് ബെയർഫീൽഡ് ഇടവക വികാരി ഫാ. ടോം ഫിറ്റ്സ്പാട്രിക് പറഞ്ഞു.
കൊല്ലപ്പെട്ട വനേസ്സ വൈറ്റ് ക്ലെയർ സ്വദേശിനിയാണ്. ക്ലെയറിലെ ബെയർഫീൽഡാണ് ഇവരുടെ ജന്മദേശം. അതിനാലാണ് ക്ലെയറിലെ പള്ളിയിൽ പ്രത്യേക ശുശ്രൂഷ വനേസയ്ക്കായി നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വനേസയും മക്കളായ സാറ, ജെയിംസ് എന്നിവരും കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വനേസയുടെ സഹോദരൻ ഉടൻ ഓസ്ട്രേലിയയിൽ നിന്നും ഫെർമനാഗിൽ എത്തും. ഇതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക.

