ക്ലെയർ: ഫെർമാനാഗ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി ക്ലെയറിൽ പ്രാർത്ഥന സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയാണ് ബെയർഫീൽഡിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളിയിൽ പ്രാർത്ഥന നടത്തിയത്. നൂറ് കണക്കിന് പേർ പ്രാർത്ഥനയിൽ പങ്കുകൊണ്ടു.
45 കാരിയായ വെനേസ വൈറ്റ്, 14 കാരനായ ജെയിംസ്, 13 കാരിയായ സാറ എന്നിവരാണ് കൊല്ലപ്പെട്ടത്. വെനേസ ജനിച്ചത് ബെയർഫീൽഡിലാണ്. അതിനാലാണ് ഇടവക അംഗങ്ങൾ പ്രാർത്ഥന നടത്തിയത്.
ബെയർഫീൽഡ് ഇടവക വികാരി ഫാ. ടോം ഫിറ്റ്സ്പാട്രിക്കിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രാർത്ഥന. പ്രാർത്ഥനയ്ക്ക് പിന്നാലെ അദ്ദേഹം വെനേസയെയും മക്കളെയും അനുസ്മരിച്ചു. നല്ലൊരു അമ്മയും മകളും സഹോദരിയും ആയിരുന്നു വെനേസ എന്ന് ഫിറ്റ്സ്പാട്രിക് പറഞ്ഞു. മക്കളെ വളരെയധികം ഇവർ സ്നേഹിച്ചിരുന്നു. കഠിനാധ്വാനം ചെയ്തു. ഒരു പ്രശ്നങ്ങൾക്കിടയിലും വെനേസ പുഞ്ചിരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

