കാർലോ/ന്യൂയോർക്ക്: അമേരിക്കയിൽ ഐറിഷ് ഫാഷൻ ഡിസൈനർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. പോസ്റ്റ്മോർട്ടത്തിൽ ആക്രമണത്തിന്റെ തെളിവുകൾ കാണാൻ സാധിച്ചില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവ സ്ഥലത്ത് നിന്നും പിടിവലി നടന്നതിന്റെയോ മറ്റ് ആക്രമണത്തിന്റെയോ തെളിവുകൾ കണ്ടെടുക്കാനും പോലീസിന് സാധിച്ചിട്ടില്ല. കാർലോ സ്വദേശിനിയായ മാർത്ത നോളൻ ഒ സ്ലാറ്റാറയാണ് മരിച്ചത്.
സഫോക്ക് കൗണ്ടി പോലീസിനാണ് കേസിന്റെ അന്വേഷണ ചുമതല. മാർത്തയുടെ മൃതദേഹം ഇന്നലെ തന്നെ പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ആക്രമണത്തിന്റെ ലക്ഷണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച പുലർച്ചെയാണ് മൊണ്ടോക്ക് യാച്ച് ക്ലബ്ബിലെ ബോട്ടിൽ 33 കാരിയായ നോളൻ-ഒ’സ്ലാറ്റാറയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് അടിയന്തിര സേവനങ്ങൾ എത്തി നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫാഷൻ ബ്രാൻഡായ ഈസ്റ്റ് എക്സ് ഈസ്റ്റിന്റെ സ്ഥാപകയാണ് മാർത്ത.

