ഡബ്ലിൻ: സ്പൈന ബിഫിഡയും സ്കോളിയോസിസും ബാധിച്ച് ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡബ്ലിൻ നഗരത്തിൽ പ്രതിഷേധ മാർച്ച്. ഇന്നലെ നടന്ന മാർച്ചിൽ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്. കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പട്ടു. ഒൻപത് വയസ്സുള്ള ഹാർവി മോറിസൺ ഷെറാട്ടാണ് കഴിഞ്ഞ മാസം രോഗത്തെ തുടർന്ന് മരിച്ചത്.
ഗാർഡൻ ഓഫ് റിമെമ്പറൻസിൽ നിന്നായിരുന്നു പ്രതിഷേധ മാർച്ച് ആരംഭിച്ചത്. കസ്റ്റം ഹൗസിൽ അവസാനിച്ച മാർച്ചിൽ രാഷ്ട്രീയക്കാരും ഭിന്നശേഷി സംഘടനകളിലെ പ്രതിനിധികളും പങ്കെടുത്തു. ഹാർവിയുടെ മാതാപിതാക്കളായ ഗില്ലിയൻ ഷെറാട്ടും സ്റ്റീഫൻ മോറിസണും പ്രതിഷേധ മാർച്ചിൽ പങ്കാളികളായി.
പ്രതിഷേധ മാർച്ചിൽ ഇത്രയും വലിയ ജനക്കൂട്ടം പങ്കെടുത്തതിൽ സന്തോഷമുണ്ടെന്ന് ഗില്ലിയൻ പറഞ്ഞു. കുട്ടികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പ്രതിഷേധത്തിന് കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

