ഡബ്ലിൻ: കുട്ടികളെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അയർലൻഡിലെ രക്ഷിതാക്കളുടെ ജോലിയെ ബാധിക്കുന്നതായി സർവ്വേ ഫലം. 70 ശതമാനത്തോളം രക്ഷിതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പുരുഷന്മാരെക്കാൾ സ്ത്രീകളാണ് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നത്.
ആയിരം രക്ഷിതാക്കളിലായിരുന്നു സർവ്വേ. ഇതിൽ നാലിലൊന്ന് പേരും കുട്ടികളുടെ പരിചരണത്തിലെ വിടവുകൾ നികത്തുന്നതിനായി ജോലി സമയം കുറച്ചതായി പ്രതികരിച്ചു. പുരുഷന്മാരെ അപേക്ഷിച്ച് ഇരട്ടി സമയമാണ് സ്ത്രീകൾ കുറച്ചത്.
കുട്ടികളെ പരിചരിക്കുന്നതിന് വേണ്ടി 9 ശതമാനം രക്ഷിതാക്കൾ നേരത്തെയുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലിയിൽ പ്രവേശിച്ചു. 5 ശതമാനം പേർ കുട്ടികൾക്കായി ജോലി ഉപേക്ഷിച്ചു. ജോലി ചെയ്യുന്ന മാതാപിതാക്കളിൽ മൂന്നിൽ രണ്ട് ഭാഗവും കുട്ടികളുടെ സംരക്ഷണത്തിനായി സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ആശ്രയിക്കുന്നുവെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു.

