ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്ക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 600 ലധികം രോഗികളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 388 പേർ അത്യാഹിത വിഭാഗങ്ങളിലാണ് കഴിയുന്നത്.
ഓഗസ്റ്റ് നാലിലെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 617 രോഗികൾക്കാണ് വിവിധ ആശുപത്രികളിൽ കിടക്കകൾ ആവശ്യമായിട്ടുള്ളത്. ഇവരിൽ 229 പേർ വാർഡുകളിലും മറ്റ് താത്കാലിക ഇടങ്ങളിലുമായി ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 4 ന് 428 പേരാണ് ട്രോളികളിൽ കഴിഞ്ഞിരുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ മാത്രം 130 പേരാണ് ട്രോളികളിൽ നിലവിൽ ചികിത്സ തേടിയിരിക്കുന്നത്.

