അർമാഗ്: കൗണ്ടി അർമാഗിൽ സുരക്ഷാ മുന്നറിയിപ്പിന് കാരണമായ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് നിന്നും സ്ഫോടക വസ്തു കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ആയിരുന്നു അറസ്റ്റ്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ശനിയാഴ്ച രാവിലെ 8.45 ന് സിൽവർബ്രിഡ്ജിലെ കാരിവ് റോഡ് പ്രദേശത്ത് സ്ഫോടക വസ്തു കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ പ്രദേശവാസികളെ അവിടെ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയും റോഡ് അടച്ചിടുകയുമായിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയെത്തി നിയന്ത്രിത സ്ഫോടനത്തിലൂടെ ഉപകരണം നിർവ്വീര്യമാക്കി. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അടച്ചിട്ട റോഡുകൾ തുറന്നിട്ടുണ്ട്. അന്വേഷണത്തിന് സഹായകമായ വിവരങ്ങൾ കൈവശമുള്ളവർ ബന്ധപ്പെടണമെന്ന് പിഎസ്എൻഐ വ്യക്തമാക്കി.

