ഡബ്ലിൻ: ഈ മാസം അയർലൻഡിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടിയവരുടെ വിശദാംശങ്ങൾ പുറത്തുവിട്ട് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. 9,035 രോഗികൾക്കാണ് കിടക്കകളുടെ അഭാവത്തെ തുടർന്ന് ട്രോളികളിൽ ചികിത്സ നൽകിയത്. അതേസമയം കഴിഞ്ഞ വർഷം നവംബർ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ കുറവുണ്ട്. 10,561 രോഗികളാണ് 2024 നവംബറിൽ ട്രോളികളിൽ ചികിത്സ തേടിയത്.
ഈ മാസം ഏറ്റവും കൂടുതൽ രോഗികൾ ട്രോളികളിൽ ചികിത്സ തേടിയത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ്. 1,273 പേരാണ് ഇവിടെ ചികിത്സ തേടിയത്. ഗാൽവെയിൽ 925 രോഗികൾക്ക് ട്രോളികളിൽ പരിചരണം നൽകി. സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 740 പേർക്കാണ് ട്രോളികളിൽ ചികിത്സ നൽകിയത്.

