ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തതിൽ ക്ഷമാപണം നടത്തി മെറ്റ . സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്തതെന്ന് മെറ്റ സർക്കാരിനെ അറിയിച്ചു . നിലവിൽ വീഡിയോ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. ഇന്ന് പുലർച്ചെ വീഡിയോയിലേക്കുള്ള ആക്സസ് താൽക്കാലികമായി മെറ്റ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനെതിരെ പലരും പരാതി ഉയർത്തിയിരുന്നു.
ജൂലൈ 23 ന് അർധരാത്രി നീറ്റ് പരീക്ഷയുടെ സുരക്ഷയെ കുറിച്ചുള്ള വിഡിയോയാണ് മോദി പങ്ക് വച്ചത്. മന്ത്രിസഭാ യോഗത്തിൽ ചോദ്യ പേപ്പർ ചോർച്ചയ്ക്കെതിരെ കർശന നടപടി പ്രഖ്യാപിക്കുമെന്നും ഈ വീഡിയോയിൽ പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു . ഈ വീഡിയോ പുറത്ത് വന്നതോടെ ഇൻസ്റ്റഗ്രാമിലടക്കം മോദിയുടെ ഫോളോവേഴ്സും കൂടിയിരുന്നു. അതിനു പിന്നാലെയാണ് വീഡിയോ ബ്ലോക്കായത്.
നിരവധി ബിജെപി നേതാക്കൾ ഫേസ്ബുക്കിന്റെ ഈ നീക്കത്തെ ചോദ്യം ചെയ്തു. തുടർന്ന് ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റയുടെ പബ്ലിക് പോളിസിയുടെ ആഗോള തലവനെയും ഐടി മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും മെറ്റയുടെ വിശദീകരണവും വീഡിയോ നീക്കം ചെയ്യാനുള്ള കാരണവും പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ മെറ്റയുടെ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിപ്പിക്കാനും സാധ്യതയുണ്ട്.

