ന്യൂഡൽഹി ; ജന്ദർമന്ദറിൽ നടന്ന പാറ്റാപാർട്ടി സമരത്തിൽ അക്രമത്തിനു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ കയറിക്കൂടിയതായി സുപ്രീം കോടതി. പോലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും എന്നാൽ ഇപ്പോൾ നടപടിയെടുക്കരുതെന്നും കോടതി ഉത്തരവിട്ടു. ഡൽഹിയിൽ പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയെ കുറിച്ചുള്ള ഹർജിയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം . വിഷയം അന്വേഷിക്കണമെന്നും ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
“പ്രതിഷേധം തുടക്കത്തിൽ സമാധാനപരമായിരുന്നു, പക്ഷേ പിന്നീട് ഒരു ദിവസം അക്രമം പൊട്ടിപ്പുറപ്പെട്ടു. ഇതിന് രണ്ട് കാരണങ്ങളുണ്ടാകാം: ഒന്നാമതായി, പോലീസ് അമിതമായി കർശനക്കാരായിരുന്നു, രണ്ടാമതായി, അക്രമത്തിന് പ്രേരിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ പ്രതിഷേധക്കാരിലേക്ക് നുഴഞ്ഞുകയറി. പ്രതിഷേധങ്ങൾക്ക് കൃത്യമായി ഒരു പ്രോട്ടോക്കോൾ സ്ഥാപിച്ചുകഴിഞ്ഞാൽ, ഉത്തരവാദിത്തം നിർണ്ണയിക്കുന്നത് എളുപ്പമാകും “ കോടതി വ്യക്തമാക്കി.
പോലീസിന് വേണമെങ്കിൽ പ്രക്ഷോഭകർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാം. എന്നാൽ ബലപ്രയോഗം പരമാവധി ഒഴിവാക്കണമെന്നായിരുന്നു ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞത് . പ്രകടനത്തിനിടെ, യൂണിഫോമിൽ ഇല്ലാത്തവരും ആയുധങ്ങൾ കൈവശം വച്ചിരുന്നവരുമായ പോലീസുകാർ ഉണ്ടായിരുന്നു. അവർ ബലപ്രയോഗവും നടത്തിയെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു.
‘ മുൻ ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ എസ്ഐടി രൂപീകരിക്കണം. ഭാവി നടപടികളെക്കുറിച്ച് കോടതി ചർച്ച ചെയ്യുന്നു. ഞങ്ങൾ അത് സ്വാഗതം ചെയ്യണം . ഈ സംഭവങ്ങളിൽ നിഷ്പക്ഷമായ അന്വേഷണവും ആവശ്യമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ പ്രതിഷേധക്കാരെ തിരിച്ചറിയുന്നതും അവരെ പരസ്യമാക്കുന്നതും നിരോധിക്കണം. ഇതിൽ വിദ്യാർത്ഥികളും നിരവധി പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു“ എന്നും പ്രതിഷേധക്കാർക്കായി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
സുപ്രീം കോടതിയിലെ ഒരു അഭിഭാഷകനും ബീഹാറിലെ പ്രതിഷേധങ്ങളെക്കുറിച്ച് വിഷയം ഉന്നയിച്ചു. യുപിയിലെ ജുനൈദിന്റെ കേസ് ഉന്നയിക്കാൻ പ്രശാന്ത് ഭൂഷൺ ശ്രമിച്ചെങ്കിലും ഇതൊരു പ്രത്യേക വിഷയമാണെന്ന് സോളിസിറ്റർ ജനറൽ പ്രതികരിച്ചു.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ബീഹാർ, അസം, കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്.
“മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത്, കേരളം, അസം, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കേസുകൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായ പ്രകടനത്തിനുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും ഭരണഘടനയിൽ പരാമർശിച്ചിട്ടുണ്ട്. ലാത്തിച്ചാർജ്, പെല്ലറ്റ് തോക്കുകൾ, കണ്ണീർവാതകം എന്നിവ ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലരുടെ കണ്ണിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു ” എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

