ന്യൂഡൽഹി : മാലിയിൽ വച്ച് തട്ടിക്കൊണ്ടു പോകപ്പെട്ട ഇന്ത്യൻ വംശജനായ വജ്രവ്യാപാരി ധീരു രമണിയെ മോചിപ്പിച്ചതായി റിപ്പോർട്ട്. ഏകദേശം 44 കോടി രൂപ മോചനദ്രവ്യമായി കുടുംബം നൽകിയതിനെ തുടർന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഈ വർഷം ഏപ്രിലിലാണ് പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ വച്ച് രമണിയെ തട്ടിക്കൊണ്ടുപോയത്.
മോചനത്തിനായി തട്ടിക്കൊണ്ടുപോയവർ 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുടുംബം നേരിട്ട് ചർച്ച നടത്തി തുക 44 കോടിയായി കുറച്ചു. മോചനദ്രവ്യം കഴിഞ്ഞയാഴ്ച നൽകിയതായും തുടർന്ന് രമണിയെ വിട്ടയച്ചതായുമാണ് റിപ്പോർട്ട്. അദ്ദേഹത്തിൻ്റെ കുടുംബം നേരിട്ടാണ് ചർച്ചകൾ നടത്തിയത് എന്നതിനാൽ ഇന്ത്യൻ എംബസിയും ഇതിൽ ഉൾപ്പെട്ടില്ല.
മോചിപ്പിച്ചെങ്കിലും ധീരു രമണി ഇപ്പോഴും മാലിയിൽ തന്നെയാണ് . അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്. രമണിയെ എപ്പോൾ രാജ്യം വിടാൻ അനുവദിക്കുമെന്നോ, തട്ടിക്കൊണ്ടുപോയതിന് ഉത്തരവാദികളെ മാലി അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നോ വ്യക്തമല്ല.ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ധാർ ഗ്രാമത്തിൽ നിന്നുള്ള ധീരു രമണിക്ക് സൂറത്തിലെ വജ്ര വ്യവസായവുമായി ദീർഘകാല ബന്ധമുണ്ട്. 1980-ഓടെ വജ്രവ്യാപാരരംഗത്ത് പ്രവേശിച്ച അദ്ദേഹം പിന്നീട് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.
അന്താരാഷ്ട്ര ഡയമണ്ട് ട്രേഡിംഗ് ബിസിനസ്സ് നടത്തുന്ന ധീരു രമണി നിലവിൽ ബിസിനസ്സ് സ്വർണ്ണ ഖനനത്തിലേക്ക് വ്യാപിപ്പിച്ചിരുന്നു. മാലിയിൽ അടുത്തിടെ സ്വർണ്ണഖനിയിൽ പണം നിക്ഷേപിച്ചതിന് ശേഷം മാലിയിൽ താമസം ആരംഭിച്ചിരുന്നു.

