ടോക്കിയോ : ജപ്പാന്റെ തെക്കൻ പ്രധാന ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോ മേഖലയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു . സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.ഭൂകമ്പത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും പ്രദേശത്ത് ഒരു കെട്ടിടം തകർന്നതായും ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു. അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരു മീറ്റർ (3.28 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് . തീരദേശ പ്രദേശങ്ങളിലെ താമസക്കാരോട് ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാനും ഒഴിപ്പിക്കൽ നിർദ്ദേശങ്ങൾ പാലിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. ആണവ നിലയങ്ങളിൽ അപകടകരമായ സാഹചര്യങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട് . ജപ്പാന്റെ തെക്കൻ ക്യൂഷു ദ്വീപിലെ കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുകുവോക്ക, സാഗ, ഒയിറ്റ, മിയാസാക്കി മേഖലകളിൽ ജപ്പാൻ സർക്കാർ അടിയന്തര ഭൂകമ്പ മുന്നറിയിപ്പ് നൽകി.
ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്. ജൂൺ 25 ന് വടക്കൻ ജപ്പാനിൽ 7.2 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായെങ്കിലും മരണമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായില്ല.ജപ്പാൻ, ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്.

