ഡബ്ലിൻ: അയർലന്റിൽ ടെക്സ്റ്റ് മെസേജ് സ്കാമുകൾ തടയാൻ പുതിയ രജിസ്ട്രി സംവിധാനം. പുതുതായി രൂപകൽപ്പന ചെയ്ത എസ്എംഎസ് സെൻഡർ ഐഡി രജിസ്ട്രിയിൽ ഇതുവരെ ഏഴായിരത്തിലധികം സെൻഡർ ഐഡികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ നിന്നല്ലാത്ത സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിച്ചാൽ അതിൽ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഉണ്ടാകും. പൊതുജനങ്ങൾക്ക് വ്യാജ സന്ദേശം സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിന് വേണ്ടിയാണ് പുതിയ രജിസ്ട്രി.
എസ്എംഎസ് വഴിയുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. കമ്മീഷൻ ഫോർ കമ്യൂണിക്കേഷൻസ് റെഗുലേഷൻ ആണ് പുതിയ രജിസ്ട്രി സംവിധാനം നിലവിൽ വന്ന വിവരം അറിയിച്ചത്. ജൂലൈ മുതലാകും പുതിയ സേവനം ആളുകൾക്ക് ലഭിക്കുക. ഈ രജിസ്ട്രിയിൽ ഇല്ലാത്ത ബിസിനസ് പേരുകളിലോ ബ്രാൻഡുകളിലോ നിന്നുള്ള സന്ദേശങ്ങൾ ലഭിച്ചാൽ സാദ്ധ്യതയുള്ള തട്ടിപ്പ് എന്ന ലേബൽ ജൂലൈ മുതൽ കാണാൻ സാധിക്കും. ഒക്ടോബർ മുതൽ ഇവ നേരിട്ട് ബ്ലോക്ക് ചെയ്യപ്പെടും.

