ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്ന് മുഹറം ഘോഷയാത്ര നടക്കും. നൂറ് കണക്കിന് ഇസ്ലാമിക വിശ്വാസികളാണ് പരിപാടിയുടെ ഭാഗമാകുക. ഡബ്ലിനിലെ ഒ കോണൽ സ്ട്രീറ്റിലൂടെ ജിപിഒയിലേക്കാണ് ഘോഷയാത്ര എത്തിച്ചേരുക. ഇസ്ലാമിക വിശ്വാസികളുടെ ഗംഭീരമായ സമ്മേളനത്തോടെ ഘോഷയാത്ര പര്യവസാനിക്കും.
കറുത്ത വസ്ത്രം ധരിച്ചാകും വിശ്വാസികൾ റാലിയുടെ ഭാഗമാകുക. മത ചിഹ്നങ്ങളും സൂക്തങ്ങളും രചിച്ച ബാനറുകളും തോരണങ്ങളും ഇവരുടെ കൈവശം ഉണ്ടാകും. പാട്ടിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാകും ഘോഷയാത്ര നടന്ന് നീങ്ങുക. ഇടയ്ക്ക് പ്രാർത്ഥനകൾക്കും മറ്റുമായി ഇടവേളകളെടുക്കും. ഇസ്ലാമിക് കലണ്ടറിലെ ആദ്യമാസമായ മുഹറം ആഘോഷിക്കുന്നതിനും ഇസ്ലാമിക ചരിത്രത്തിലെ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്നതിനും വേണ്ടിയാണ് ഇന്ന് വിശ്വാസികൾ ഘോഷയാത്രയുടെ ഭാഗമാകുന്നത്.

