ഡബ്ലിൻ: അയർലന്റിൽ സ്വകാര്യ വാടക താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിർണായക കണ്ടെത്തൽ. ചട്ടങ്ങൾ പാലിക്കാതെയാണ് ഭൂരിഭാഗം തമസ്ഥലങ്ങളും പ്രവർത്തിക്കുന്നത് എന്നാണ് പരിശോധനയിൽ അധികൃതർ കണ്ടെത്തിയത്. അയർലന്റിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികൃതർ ആയിരുന്നു പരിശോധന നടത്തിയത്.
കഴിഞ്ഞ വർഷം നടത്തിയ പരിശോധനയുടെ വിവരങ്ങൾ ആണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. 62,085 സ്ഥലങ്ങളിൽ ആയിരുന്നു പരിശോധന. ഇതിൽ 37,800 വാടക താമസ സ്ഥലങ്ങളും ചട്ടംലംഘിച്ചാണ് പ്രവർത്തിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വീട്ടുടമകൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു. 2019 ലെ ഭവന ( വാടക കെട്ടിടങ്ങൾക്കുള്ള) മാനദണ്ഡങ്ങൾ ലംഘിച്ച കുറ്റത്തിനാണ് നടപടി.
ഈ വർഷവും പരിശോധന നടത്തും. 2025 ൽ 10.5 മില്യൺ യൂറോ പരിശോധനകൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗൺ അറിയിച്ചു.

