ഡബ്ലിൻ: അയർലന്റിലെ സംഗീത പ്രേമികൾക്ക് സംഗീതാസ്വാദനത്തിന്റെ വേദിയൊരുക്കുന്ന മിഴി അയർലന്റ് മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് നാളെ. ഡബ്ലിനിലെ സയന്റോളജി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരും സിനിമാ താരങ്ങളും പങ്കെടുക്കും. പരിപാടിയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. അതിമനോഹരമായ സംഗീത നിശയ്ക്കാകും സയന്റോളജി ഓഡിറ്റോറിയം സാക്ഷ്യം വഹിക്കുക.
നടിയും ഗായികയുമായ രമ്യ നമ്പീശൻ അവതരിപ്പിക്കുന്ന സംഗീത പരിപാടി മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റിന്റെ മുഖ്യആകർഷണമാണ്. സംഗീത പ്രേമികൾക്കായി വയലിനിൽ വിസ്മയം തീർക്കാൻ ശബരീഷ് പ്രഭാകരും ബാൻഡും എത്തുന്നുണ്ട്. വേദിയെ ഇളക്കിമറിക്കാൻ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫൈനലിസ്റ്റുകളായ ശ്രീരാഗും നന്ദയും എത്തുന്നുണ്ട്.
ഐറിഷ് മലയാളികളുടെ സ്വന്തം എന്റർടൈൻമെന്റ് കമ്പനിയായ സൂപ്പർ ഡ്യൂപ്പർ ക്രിയേഷൻ ആണ് സംഗീതനിശ അർലന്റിലേക്ക് എത്തിക്കുന്നത്. ടിലെക്സ് (TILX) ആണ് പരിപാടിയുടെ പ്രധാന സ്പോൺസർ. റോയൽ കാറ്റേഴ്സ് ആണ് പരിപാടിയുടെ പ്രായോജകർ.

