ഡബ്ലിൻ: കൂടുതൽ പിഎസ്എൻഐ അംഗങ്ങൾക്ക് ടേസറുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണം. തങ്ങളുടെ സുരക്ഷയ്ക്കായി ഈ നടപടി അനിവാര്യമാണെന്ന് പോലീസ് ഫെഡറേഷൻ പറയുമ്പോൾ ഇതിൽ ആംനസ്റ്റി ഇന്റർനാഷണൽ ആശങ്ക പ്രകടിപ്പിക്കുകയാണ്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഈ തീരുമാനം പ്രായോഗികമാകില്ലെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കുന്നത്.
ഈ മാസം ആദ്യം ബെൽഫാസ്റ്റിലെ സംഗീത പരിപാടിയ്ക്കിടെയുണ്ടായ ആക്രമണങ്ങളിൽ ഏഴ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ പേർക്ക് ടേസറുകൾ വേണമെന്ന ആവശ്യം പോലീസ് ഫെഡറേഷനിൽ നിന്നും ഉയർന്നത്. കഴിഞ്ഞ വർഷം സെപ്തംബർ ആറ് മുതൽ ഈ മാസം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 850 ആക്രമണങ്ങളാണ് പോലീസുകാർക്ക് നേരെ ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ടേസറുകളുടെ വ്യാപകമായ വിതരണം വേണമെന്നാണ് പോലീസ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. അതേസമയം ടേസറുകൾ അപകരകരമാണ്. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം തങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പോലീസിന് ഉണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.

