വാട്ടർഫോർഡ്: ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി വാട്ടർഫോർഡ് ടിഡിയും ഭവനമന്ത്രിയുമായ ജോൺ കമ്മിംഗ്സ്. വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. അടുത്തിടെ ആറ് വയസ്സുള്ള മലയാളി ബാലികയ്ക്ക് നേരെയുണ്ടായ ആക്രമണം ഡബ്യുഎംഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കഴിഞ്ഞ ദിവസം ആയിരുന്നു ഡബ്യുഎംഎ അംഗങ്ങൾ മന്ത്രിയെ കണ്ടത്. നിയമപരമായ മാർഗ്ഗങ്ങളിലൂടെയാണ് ഇന്ത്യക്കാർ വാട്ടർഫോർഡിൽ എത്തിയത് എന്ന് അംഗങ്ങൾ മന്ത്രിയെ ബോധിപ്പിച്ചു. ആക്രമണങ്ങളിൽ ഏർപ്പെടുന്ന യുവാക്കളെയും അവരുടെ രക്ഷിതാക്കളെയും ബോധവത്കരിക്കണം. ഇതിന് പുറമേ തദ്ദേശീയരുമായി ചേർന്ന് ഇമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിക്കണമെന്നും ഡബ്ല്യുഎംഎ ആവശ്യപ്പെട്ടു. വിഷയത്തിൽ വാട്ടർഫോർഡ് ഗാർഡ സൂപ്രണ്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് അസോസിയേഷന് അനുമതി ലഭിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അസോസിയേഷന് ഉറപ്പ് നൽകി. ഗാർഡ സൂപ്രണ്ടുമായി സംസാരിച്ച് വിഷയത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. പരാതികൾക്ക് പൾസ് നമ്പർ ഉറപ്പാക്കി കേസുകൾക്ക് മുൻഗണന നൽകാൻ സൂപ്രണ്ടിന് നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

