ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർ തുടർച്ചയായി വംശീയ ആക്രമണത്തിന് ഇരയാകുന്ന പശ്ചാത്തലത്തിൽ ഇടപെടലുമായി സർക്കാർ. വിഷയത്തിൽ ചർച്ച നടത്താൻ തിങ്കളാഴ്ച ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും. അതേസമയം ആറോളം ഇന്ത്യക്കാർ തുടർച്ചയായി ക്രൂരമായ ആക്രമണത്തിന് ഇരയായ ശേഷവും വളരെ വൈകിയാണ് വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുന്നത്.
ഇന്ത്യയിലെ അയർലൻഡ് എംബസിയാണ് യോഗം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. യോഗത്തിന് ശേഷം വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഇതിനിടെ ഇന്ത്യക്കാർ ആക്രമിക്കപ്പെടുന്നതിൽ ദു:ഖം രേഖപ്പെടുത്തി ഇന്ത്യയിലെ അയർലൻഡ് എംബസി പ്രസ്താവന പുറപ്പെടുവിച്ചു. അയർലൻഡിന് ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള കുടിയേറ്റക്കാർ ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അതിനാൽ ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നുമായിരുന്നു പ്രസ്താവന.

