കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ബാറിൽ ഐറിഷ് വനിത സാറാ മക്നാലിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് 24 വർഷം തടവ് ശിക്ഷ വിധിച്ചു.
മാർസിൻ പീസിയാക്കിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. കോടതിയിൽ, മാർസിൻ കുറ്റം സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തു.തന്റെ പ്രവൃത്തികൾക്ക് തനിക്ക് ഒരു വിശദീകരണവുമില്ലെന്നും, എല്ലാ ദിവസവും മക്നാലിയെക്കുറിച്ചും താൻ ചെയ്ത കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നുണ്ടെന്നും മാർസിൻ കോടതിയിൽ പറഞ്ഞു.
ലോങ്ഫോർഡിൽ നിന്നുള്ള സാറാ മക്നാലി, ക്വീൻസിലെ ബറോയിലെ മാസ്പെത്തിലെ സീലി ഹൗസ് ബാറിൽ ജോലി ചെയ്യുകയായിരുന്നു. പീസിയാക്കുമായി ബന്ധത്തിലായിരുന്നു സാറാ പക്ഷേ അത് അവസാനിപ്പിച്ച് അയർലൻഡിലേയ്ക്ക് മടങ്ങുകയാണെന്ന് പറഞ്ഞ ദേഷ്യത്തിനായിരുന്നു കൊലപാതകം.
2024 മാർച്ച് 20-ന് പീസിയാക് ബാറിൽ പോയാണ് മക്നാലിയെ ആക്രമിച്ചത്. 19 തവണയാണ് മക്നാലിയ്ക്ക് കുത്തേറ്റത്. കഴുത്തിലും പുറകിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു. പീസിയാകും ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും പോലീസ് അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

