കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഡബ്ലിൻ, മീത്ത്, വാട്ടർഫോർഡ് കൗണ്ടികളിൽ ഉണ്ടായ വ്യത്യസ്ത റോഡപകടങ്ങളിൽ മൂന്ന് മരണം . ഡബ്ലിൻ 16 ലെ ബാലിബോഡനിൽ ട്രക്ക് ഇടിച്ച് 30 കാരനായ കാൽനടയാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം.
മൃതദേഹം വൈറ്റ്ഹാളിലെ മോർച്ചറിയിലേക്ക് കൊണ്ടുപോയി, . ബാലിബോഡൻ വേ സാങ്കേതിക പരിശോധനകൾക്കായി താൽക്കാലികമായി അടച്ചിട്ടിരുന്നെങ്കിലും പിന്നീട് വീണ്ടും തുറന്നു. വാട്ടർഫോർഡിൽ, ബുധനാഴ്ച വൈകുന്നേരം ട്രാമോറിനടുത്തുള്ള മോൺവോയ് ക്രോസിൽ മോട്ടോർ സൈക്കിളും കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 30 കാരനായ യുവാവ് മരിച്ചത് . സംഭവത്തിൽ 60 കാരനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. ഇന്ന് വൈകുന്നേരം വാട്ടർഫോർഡ് ജില്ലാ കോടതിയിൽ ഹാജരാക്കും.
ഇന്നലെ പുലർച്ചെ കോ മീത്തിൽ ട്രക്ക് അപകടത്തിൽപ്പെട്ട് 70 വയസ്സുകാരൻ മരിച്ചു. ഗാർഡയും അടിയന്തര സേവനങ്ങളും സംഭവസ്ഥലത്തെത്തി ട്രക്ക് ഡ്രൈവറെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം അപകടത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവർ ദൃശ്യങ്ങൾ അന്വേഷകർക്ക് നൽകണമെന്ന് ഗാർഡ ആവശ്യപ്പെട്ടു.

