ഡബ്ലിൻ: ഐറിഷ് സർക്കാരിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് പീസ് കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട് മലയാളി നഴ്സ്. കണ്ണൂർ ആലക്കോട് സ്വദേശിനി ടെൻസിയ സിബിയ്ക്കാണ് അംഗീകാരം. ചെമ്പേരി സ്വദേശിയും അഭിഭാഷകനുമായ സിബി സെബാസ്റ്റ്യന്റെ ഭാര്യയും ടോമി- ത്രേസ്യാമ്മ ദമ്പതികളുടെ മകളുമാണ് ടെൻസിയ.
നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് അദ്ദേഹം ടെൻസിയയ്ക്ക് കൈമാറി. അയർലന്റിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മലയാളി സമൂഹത്തിനുമുള്ള അംഗീകാരമായി പുതിയ പദവിയെ കാണുന്നതായി ടെൻസിയ പ്രതികരിച്ചു.
2005 ലാണ് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ടെൻസിയ അയർലന്റിൽ എത്തിയത്. നിലവിൽ ഡബ്ലിൻ ബ്ലാക്ക് റോക്ക് ഹോസ്പിറ്റലിൽ സീനിയർ നഴ്സ് ആണ്. ഡബ്ലിനിലാണ് ടെൻസിയ കുടുംബവുമൊത്ത് താമസിക്കുന്നത്.