ഡബ്ലിൻ: ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയനുമായുള്ള കരാറിന്റെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ ഗാസയിൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരോധം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി അദ്ദേഹം സംസാരിക്കും.
ഈ ആഴ്ച കോപ്പൻഹേഗനിൽ വച്ചായിരിക്കും കൂടിക്കാഴ്ച. ഗാസയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദേശകാര്യമന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെടും. ഗാസ കടുത്ത പട്ടിണിയിലാണെന്ന് യുഎൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈമൺ ഹാരിസിന്റെ നീക്കം. ഭക്ഷ്യക്ഷാമം എന്നത് അയർലൻഡിലെ ജനങ്ങൾക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

