ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ഐറിഷ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസ്. ഗാസമുനമ്പിൽ നിന്ന് പാലസ്തീനികളെ പുറത്താക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും, ഗാസയിൽ തുടർച്ചയായി ഇസ്രായേൽ തെറ്റുകൾ ചെയ്തുവരികയാണെന്നും ഹാരിസ് പറഞ്ഞു.
ഇതില്‍ നിന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ മറ്റ് രാജ്യങ്ങള്‍ ചെയ്തിട്ടില്ലെന്നും, പലസ്തീനിന്റെ മണ്ണില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കാന്‍ ബില്‍ പാസാക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലസ്തീനിലുള്ളവര്‍ക്ക് അടിസ്ഥാനമായ സഹായങ്ങള്‍ പോലും എത്തിച്ച് നല്കുന്നതില് സങ്കീര്‍ണ്ണത സൃഷ്ടിക്കുന്ന ഇസ്രായേല്‍ സര്‍ക്കാരിന്റെ ചെയ്തികള്‍ നികൃഷ്ടമാണെന്നും ഹാരിസ് വിമര്‍ശിച്ചു. പലസ്തീനികളെ ഗാസ മുനമ്പില്‍ നിന്നും പുറത്താക്കി മറ്റെവിടേക്കെങ്കിലും എത്തിക്കുകയാണ് ഇസ്രായേല്‍ ഉദ്ദേശിക്കുന്നത്.
രണ്ട് രാജ്യങ്ങള്‍ രൂപീകരിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നത് നിലവില്‍ സാധ്യമല്ലെന്ന തരത്തിലായി മാറിയിരിക്കുന്നുവെന്നും ഹാരിസ് പറഞ്ഞു. പുനഃപരിശോധന നടക്കുന്നതിനാല്‍ EU-Israel Association Agreement നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.