ഡബ്ലിൻ: വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന ജെൻ സി ഡ്രൈവർമാരെ പേടിച്ച് ഐറിഷ് ഡ്രൈവർമാർ. ജെൻ സെഡുകാർ അല്ലെങ്കിൽ ജെൻ സികൾ ഓടിക്കുന്ന വാഹനങ്ങളാണ് കൂടുതലായി റോഡുകളിൽ അപകടം സൃഷ്ടിക്കുന്നത് എന്നാണ് ഭൂരിഭാഗം ഡ്രൈവർമാരും അഭിപ്രായപ്പെടുന്നത്. ഇത് സംബന്ധിച്ച് നടത്തിയ സർവ്വേയിൽ 85 ശതമാനം പേരും ജെൻ സി ഡ്രൈവർമാരെ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി. 25 വയസ്സിന് താഴെയുള്ളവരെയാണ് ജെൻ സികൾ ആയി കണക്കാക്കുന്നത്.
ഡ്രൈവിംഗ് വൈദഗ്ദ്ധ്യം, ആത്മവിശ്വാസം, സുരക്ഷ എന്നിവയോട് ഓരോ പ്രായക്കാർക്കുമുള്ള മനോഭാവം അറിയുന്നതിന് വേണ്ടിയായിരുന്നു സർവ്വേ. 18 രാജ്യങ്ങളിൽ സർവ്വേ നടത്തി. 3,500 ലധികം ഡ്രൈവർമാർ ആയിരുന്നു സർവ്വേയിൽ പങ്കെടുത്തത്.
സർവ്വേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ ( 44ശതമാനം) 35 നും 44 നും ഇടയിൽ പ്രായമുള്ളവരെ വിശ്വസിക്കാവുന്ന ഡ്രൈവർമാരായി കരുതുന്നു. ക്ഷമയുടെ കാര്യത്തിൽ, അയർലൻഡിൽ സർവേയിൽ പങ്കെടുത്തവരിൽ 69 ശതമാനം പേരും വിശ്വസിക്കുന്നത് 75 വയസ്സിനു മുകളിലുള്ള ഡ്രൈവർമാരെയാണ്. ഇവരാണ് വേഗത കുറച്ച് വാഹനം ഓടിക്കുന്നവർ. 80 വയസ്സിനു മുകളിൽ പ്രായമുള്ള ഡ്രൈവർ വാഹനമോടിക്കുമ്പോൾ 39 ശതമാനം ആളുകൾക്ക് മാത്രമേ സുരക്ഷിതത്വം തോന്നുന്നുള്ളൂ. ഇത് ആഗോള ശരാശരിയായ 18 ശതമാനത്തേക്കാൾ കൂടുതലാണ്.

