ഡബ്ലിൻ: അയർലൻഡിലെ ജനത കടന്ന് പോയത് ഇതുവരെ ഉണ്ടായതിൽ വച്ച് ചൂടേറിയ വേനൽക്കാലത്തിലൂടെയെന്ന് മെറ്റ് ഐറാൻ. കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി താപനില എന്നത് 16.19 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ദീർഘകാല ശരാശരിയെക്കാൾ ഇത് 1.94 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. അതേസമയം ഈ വർഷത്തെ വേനൽക്കാലത്തെ ശരാശരി താപനില 1995 ലെ വേനൽക്കാലത്തെക്കാൾ 0.08 ഡിഗ്രി സെൽഷ്യസ് കുറവാണെന്നും മെറ്റ് ഐറാന്റെ താത്കാലിക ഡാറ്റ വ്യക്തമാക്കുന്നു.
1900 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് ഈ വർഷം അനുഭവപ്പെട്ടതെന്ന് മെറ്റ് ഐറാൻ കാലാവസ്ഥാ നിരീക്ഷകനായ പോൾ മൂർ പറഞ്ഞു. ഇക്കുറി വേനൽക്കാലത്ത് വെയിൽ അനുഭവപ്പെട്ട ദിനങ്ങൾ കുറവ് ആയിരുന്നു. എന്നാൽ ചൂട് കൂടുതൽ ആയിരുന്നു. രാജ്യത്ത് ചൂട് കൂടുന്നുതിനുള്ള പ്രവണതയാണ് ഇത് സൂചിപ്പിക്കുന്നത്. അയർലൻഡിലെ ഏറ്റവും ചൂടേറിയ 10 വേനൽക്കാലങ്ങളിൽ ആറെണ്ണവും 2000 ന് ശേഷമാണ്. ഇതിൽ 1995 ലും 2025 ലും ആണ് ശരാശരി താപനില 16 ഡിഗ്രി സെൽഷ്യസ് മറികടക്കുന്നത് എന്നും പോൾ മൂർ വ്യക്തമാക്കി.

