ഡബ്ലിൻ: അയർലൻഡിനെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഇലക്ട്രിസിറ്റി ഇന്റർകണക്ടറിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. നിലവിൽ അണ്ടർവാട്ടർ കേബിളുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ഏറ്റവും നിർണായക ഘട്ടമാണ് ഇത്.
1.6 ബില്യൺ യൂറോ ചിലവിട്ടാണ് അയർലൻഡിനെയും യൂറോപ്പിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കെൽറ്റിക് ഇന്റർകണക്ടറ്റഡ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. അയർലൻഡിലെയും ഫ്രാൻസിലെയും ഇലക്ട്രിസിറ്റി ഗ്രിഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഇത് വൈദ്യുതി വിതരണം സുരക്ഷിതമാക്കും.
നോർവേയിൽ നിന്നുള്ള ഒരു പ്രത്യേക മറൈൻ കപ്പലായ കാലിപ്സോ ആണ് കേബിൾ സ്ഥാപിക്കുന്നത്. റൂട്ടിന്റെ 84 കിലോമീറ്റർ ഭാഗത്ത് കേബിൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. 575 കിലോമീറ്ററാണ് ഇന്റർകണക്ടറിന്റെ ദൂരം. 700 മെഗാവാൾട്ട് വൈദ്യുതിയാണ് ഇതിലൂടെ നാലര ലക്ഷം വീടുകളിലേക്ക് വിതരണം ചെയ്യുക.

