ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം വീണ്ടും വർധിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ വിലക്കയറ്റം 3 ശതമാനത്തിലധികം വർധിച്ചുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഭക്ഷ്യ, ഊർജ്ജ ചിലവുകളിൽ വന്ന വർധനവാണ് മൊത്തത്തിലുള്ള വിലക്കയറ്റത്തിന് കാരണം ആയത്.
ഹാർമോണൈസ്ഡ് ഇൻഡെക്സ് ഓഫ് കൺസ്യൂമർ പ്രൈസിന്റെ ഏറ്റവും പുതിയ ഫ്ളാഷ് എസ്റ്റിമേറ്റ് നവംബറിൽ വാർഷിക വില വളർച്ചാ നിരക്ക് 3.2 ശതമാനമായി ഉയർത്തി. നേരത്തെ ഇത് 2.8 ശതമാനം ആയിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഭക്ഷ്യോത്പന്നങ്ങളുടെ വിലയിൽ 4.2 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. ഇതേ സമയം ഊർജ്ജ വിലകൾ 3.3 ശതമാനം വർധിച്ചു. ഈ വർഷം ഒക്ടോബർ മുതൽ ആകെ വിലക്കയറ്റം 0.2 ശതമാനം ആയിരുന്നു. ഭക്ഷ്യ, ഊർജ്ജ വിലകളിൽ 0.7 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.

