ഡബ്ലിൻ: അയർലന്റിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഡബ്ലിനിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഇന്ത്യൻ ഡാറ്റ സൈന്റിസ്റ്റ്. ഒറ്റയ്ക്ക് ആരും പുറത്തിറങ്ങരുത്. എല്ലാ സമയവും ജാഗ്രത പാലിക്കണമെന്നും ആക്രമണത്തിന് ഇരയായ ഡോ. സന്തോഷ് യാദവ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹത്തിന് നേരെ ഡബ്ലിനിലെ താമസ സ്ഥലത്ത് വച്ച് ആക്രമണം ഉണ്ടായത്.
സംഭവത്തെക്കുറിച്ച് അയർലന്റിലെ പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു സന്തോഷ്. ഇതിനിടെയാണ് ഇന്ത്യക്കാർക്കായി അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. നിറത്തിന്റെ പേരിലാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡബ്ലിനിൽ മാത്രം 50 ഓളം ഇന്ത്യക്കാർ ആക്രമിക്കപ്പെട്ടു.
ഈ സാഹചര്യത്തിൽ ആരും ഒറ്റയ്ക്ക് പുറത്ത് പോകരുത് എന്നാണ് പറയാനുള്ളത്. എല്ലായ്പ്പോഴും കൂട്ടമായി പോകുക. എല്ലാ സമയവും ജാഗ്രത പാലിക്കണം. ഒരിക്കലും ഇത്തരം കൗമാരക്കാരുടെ സംഘത്തെ നോക്കുക പോലും ചെയ്യരുത്. കുറ്റവാളികൾക്ക് തക്ക ശിക്ഷ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

