ഡബ്ലിൻ: ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ പാർലമെന്റിന്റെ പ്രതിനിധി സംഘത്തിൽ അയർലൻഡിൽ നിന്നുള്ള എംഇപിയും. ഫിയന്ന ഫെയ്ൽ എംഇപി ബെറി കോവെനാണ് ഈ മാസം ഇന്ത്യ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ ഉണ്ടായിരിക്കുക. യൂറോപ്യൻ യൂണിയൻ- ഇന്ത്യ വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്ക് വേണ്ടിയാണ് സംഘം ഇന്ത്യയിൽ എത്തുന്നത്. മിഡ്ലാൻഡ്സ് നോർത്ത്- വെസ്റ്റ് എംഇപിയാണ് കോവൻ.
യൂറോപ്യൻ പാർലമെന്റിന്റെ ഇന്റർനാഷണൽ ട്രേഡ് കമ്മിറ്റി (INTA) യാണ് സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 27 മുതൽ 29 വരെയാണ് സന്ദർശനം. ഈ വേളയിൽ ഇന്ത്യൻ ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ യൂണിയൻ പ്രതിനിധികളും വ്യവസായ പങ്കാളികളും കൂടിക്കാഴ്ചയുടെ ഭാഗമാകും.

