ഡബ്ലിൻ: അയർലൻഡിൽ ഭവന വില വീണ്ടും ഉയർന്നതായി കണക്കുകൾ. ജൂൺ വരെയുള്ള 12 മാസത്തിനിടെ ഭവന വില 7.8 ശതമാനം ഉയർന്നു. മെയ് വരെയുള്ള 12 മാസത്തെ ഭവന പണപ്പെരുപ്പ നിരക്കിന് (7.8 ശതമാനം) തുല്യമാണിത്.
ബുധനാഴ്ച പ്രസിദ്ധീകരിച്ച റെസിഡൻഷ്യൽ പ്രോപ്പർട്ടി പ്രൈസ് ഇൻഡക്സ് (ആർപിപിഐ) പ്രകാരം കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് ഡബ്ലിനിലെ ഭവന വിലകൾ 6.6 ശതമാനം വർദ്ധിച്ചു. ഡബ്ലിന് പുറത്തുള്ള ഭവന വിലയിൽ 8.8 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. ജൂൺ വരെയുള്ള 12 മാസങ്ങളിൽ ഒരു വീടിന്റെ ശരാശരി വില 370,000 യൂറോ ആയിരുന്നു.
ഡബ്ലിനിലെ ഡൺ ലാവോഘെയർ-റാത്ത്ഡൗണിലാണ് വീടുകളുടെ ശരാശരി വില ഏറ്റവും ഉയർന്ന് നിൽക്കുന്നത്. 6,75,000 യൂറോ ആണ് ഇവിടെ ശരാശരി ഭവന വില. അതേസമയം ഏറ്റവും കുറവ് ലിട്രീമിലാണ്. 1,90,000 യൂറോ. ഈ വർഷം ജൂണിൽ 1531 പേർ ആയിരുന്നു ആദ്യമായി വീട് വാങ്ങിയത്.

