ഡബ്ലിൻ : ഈ വർഷം ആദ്യം ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഗ്രൂപ്പ് മിഡ്ലാൻഡ്സിൽ യോഗം സംഘടിപ്പിച്ചു. ജീവിതച്ചെലവ് വർധനവ് മൂലമുണ്ടായ പ്രതിസന്ധിയോട് പ്രതികരിച്ചുകൊണ്ടാണ് യോഗം നടത്തിയത് .
ജനങ്ങളുടെ ആശങ്കകൾ കേൾക്കാനും അവർ എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാനുമുള്ള ഒരു അവസരമാണ് ഈ യോഗമെന്ന് , സംഘാടകരിൽ ഒരാളായ ജോൺ ഡാലൻ പറഞ്ഞു.
“മണ്ണെണ്ണ ഉപയോഗിക്കുന്ന 700,000 വീടുകളുണ്ട്. അവയിൽ പലതിലും താമസിക്കുന്നത് പ്രായമായവരാണ്, കൂടാതെ ആ വീടുകളിൽ ആധുനിക ഊർജ്ജക്ഷമതാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുമില്ല.
മണ്ണെണ്ണയ്ക്കുള്ള കാർബൺ നികുതി ഒഴിവാക്കണം. കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് പല പ്രശ്നങ്ങളുമുണ്ട് . അമിതവില ഈടാക്കുന്ന ഒരു നാടായി അയർലൻഡ് മാറിയിരിക്കുന്നു. അമിതമായ നികുതിഭാരം ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇക്കാര്യം പരിഹരിക്കപ്പെടേണ്ടതുണ്ട്.” എന്നും ജോൺ ഡാലൻ പറഞ്ഞു .
‘ഇൻഡിപെൻഡന്റ് അയർലൻഡ്’ പാർട്ടിയിലെ മൈക്കൽ ഫിറ്റ്സ്മോറിസ്, റിച്ചാർഡ് ഒ’ഡൊണോഹ്യൂ, മൈക്കൽ കോളിൻസ് , പീഡാർ ടോബിൻ, സിൻ ഫെയിൻ , സെനറ്റർ ജോവാൻ കോളിൻസ് എന്നിവരും യോഗത്തിൽ സംസാരിച്ചു.

