ഡബ്ലിൻ : അയർലൻഡിൽ വീടുകളുടെ വില വർധനവിൽ കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. ‘ഡാഫ്റ്റ്’ പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, വിൽപ്പനയ്ക്കുള്ള വീടുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ തന്നെ, വീടുകൾക്ക് ആവശ്യപ്പെടുന്ന വിലയിലെ വർദ്ധനവ് കഴിഞ്ഞ 12 മാസത്തിനിടെ പകുതിയോളം കുറഞ്ഞു.
കഴിഞ്ഞ വർഷം ഇതേ സമയത്ത് 5.8% ആയിരുന്ന വീടുകളുടെ വില വർദ്ധനവ് നിരക്ക്, സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ 3% ആയി കുറഞ്ഞു എന്നാണ് ഡാഫ്റ്റിന്റെ റിപ്പോർട്ട്. എന്നാൽ ജൂലൈ-സെപ്റ്റംബർ കാലയളവിൽ തലസ്ഥാന നഗരത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിൽ വീടുകൾക്ക് ആവശ്യപ്പെടുന്ന വിലയിലെ വാർഷിക വർദ്ധനവ് ഗണ്യമായി കൂടുതലാണെന്നും പഠനം കണ്ടെത്തി .
ഈ മാസത്തിന്റെ തുടക്കത്തിൽ വിൽപ്പനയ്ക്കുണ്ടായിരുന്ന സെക്കൻഡ് ഹാൻഡ് വീടുകളുടെ എണ്ണം 13,800 ആണ്. ഇത് മുൻവർഷം ഇതേ സമയത്ത് വിൽപ്പനയ്ക്കുണ്ടായിരുന്ന വീടുകളുടെ എണ്ണത്തേക്കാൾ 12.5% കൂടുതലാണെന്നും ഗവേഷണം വ്യക്തമാക്കുന്നു.

