ഡബ്ലിൻ: സൗത്ത് ഡബ്ലിൻ മേയർ സ്ഥാനത്ത് നിന്നും രാജിവച്ചതിന് പിന്നാലെ ബേബി പെരേപ്പാടനെതിരെ ആരോപണം. അദ്ദേഹം കൂടി ഉൾപ്പെട്ട റിക്രൂട്ട്മെന്റ് കമ്പനി ഇന്ത്യൻ നഴ്സുമാരിൽ നിന്നും പണം തട്ടിയെന്നാണ് ആരോപണം. ഐറിഷ് മാധ്യമമായ ദി ജേണലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരുമായി ഇടപാടുകൾ നടത്തിയ മൂന്ന് പേർ മാദ്ധ്യമത്തെ സമീപിച്ചതോടെയാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
ചാലക്കുടി സ്വദേശിയായ ബാബു വല്ലൂരാനുമായി ചേർന്ന് 2022 ൽ അയർലൻഡിൽ ബേബി ആരംഭിച്ച ഏഞ്ചൽ കെയർ കൺസൾട്ടൻസി ലിമിറ്റഡിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇന്ത്യൻ നഴ്സുമാരിൽ നിന്ന് ആയിരക്കണക്കിന് യൂറോ ‘ഏജൻസി ഫീസ്’ ഈടാക്കിയതയാണ് പരാതി. പരാതിക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാധ്യമം നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് വാർത്ത പുറത്തുവിട്ടത്.
അടുത്തിടെയാണ് മേയർ സ്ഥാനം ബേബി പെരേപ്പാടൻ രാജിവച്ചത്. നിലവിൽ താലയിലെ ഫിനഗേൽ കൗൺസിലറാണ് അദ്ദേഹം.

