ഡബ്ലിൻ: അമിത മത്സ്യബന്ധനം നടത്തുന്ന രാജ്യങ്ങൾക്ക് വ്യാപാര ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. അംഗങ്ങളല്ലാത്ത രാജ്യങ്ങൾ അമിതമായി അയല മത്സ്യത്തെ പിടിക്കുന്നതിനെതിരെ യൂറോപ്യൻ യൂണിയൻ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. അയർലൻഡിലെ ഏറ്റവും മൂല്യമേറിയ മത്സ്യസമ്പത്താണ് അയല.
കഴിഞ്ഞ ആഴ്ച അടുത്ത വർഷത്തേയ്ക്ക് അയല പിടിയ്ക്കുന്നത് 70 ശതമാനം കുറയ്ക്കണമെന്ന് കമ്മീഷനോട് ഇന്റർണാഷണൽ കൗൺസിൽ ഫോർ ദി എക്സ്പ്ലോറേഷൻ ഓഫ് ദി സീ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഇത് ഐറിഷ് മത്സ്യബന്ധന മേഖലയ്ക്ക് 60-80 മില്യൺ യൂറോ വരെ നഷ്ടമുണ്ടാക്കുമെന്ന് കണക്കാക്കപ്പെടുന്നു.
വരാനിരിക്കുന്ന ചർച്ചകളിൽ ധാരണയായില്ലെങ്കിൽ രണ്ട് വർഷത്തേയ്ക്ക് അയല പിടിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് പറഞ്ഞു. മത്സ്യങ്ങളെ പിടിക്കുന്ന നിരക്ക് ഐസിഇഎസ് നിർദ്ദേശിക്കുന്ന പരിധിയായി കുറയ്ക്കണം. ഇത് അടിയന്തിര ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

