ബെൽഫാസ്റ്റ്: കൗണ്ടി ആൻഡ്രിമിലെ ബാലിമെനയിൽ തുടരുന്ന കലാപവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കലാപം ആസൂത്രണം ചെയ്യാൻ അക്രമിസംഘം ഫേസ്ബുക്ക് ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. ഹോപ്പ് ആൻഡ് കറേജ് കളക്ടീവ് (എച്ച് & സിസി) ആണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.
ബാലിമെനയിൽ കലാപം ഏകോപിപ്പിക്കുന്നതിന് വേണ്ടി ബാലിമെന റിയാക്ഷൻ ഗ്രൂപ്പ് എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് നിലവിലുണ്ട്. ഇതിനോട് ചേർന്നുള്ള ഗ്രൂപ്പിലാണ് ആസൂത്രണം. 2023 നവംബറിലാണ് ഈ ഫേസ്ബുക്ക് പേജ് ആരംഭിച്ചിട്ടുള്ളത്. 2024 ഓഗസ്റ്റ് വരെ ഈ ഫേസ്ബുക്ക് പേജ് ആക്ടീവ് ആയിരുന്നു. എന്നാൽ ഇതിന് ശേഷം കഴിഞ്ഞ ആഴ്ചവരെ ഈ പേജ് നിഷ്ക്രിയം ആയിരുന്നു. 5,000 പേരാണ് ഈ പേജ് പിന്തുടരുന്നത്.
72 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എച്ച്& സിസി ഈ വിവരങ്ങൾ പുറത്തുവിട്ടത്. നിരീക്ഷണ വേളയിൽ വർഗ്ഗീയതയും കലാപവും പ്രോത്സാഹിപ്പിക്കുന്ന നിരവധി കമന്റുകൾ പേജിൽ പ്രത്യക്ഷപ്പെട്ടതായും എച്ച്& സിസി പറയുന്നു.

