ഗാൽവെ: ഗാൽവെ മുൻ ബിഷപ്പ് എമൺ കേസിയുടെ ഭൗതികാവശിഷ്ടം ഗാൽവെ കത്രീഡൽ അങ്കണത്തിൽ നിന്നും നീക്കം ചെയ്തു. വിശ്വാസികളിൽ നിന്നും ഉയർന്ന ശക്തമായ വിമർശനങ്ങളെ തുടർന്നാണ് കത്തോലിക്കാസഭയുടെ നടപടി. ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണവിധേയനായിരുന്നു എമൺ കേസി.
മൃതദേഹം നീക്കം ചെയ്തത് എപ്പോഴാണെന്നോ ഇത് എങ്ങോട്ടാണ് കൊണ്ടുപോയതെന്നോ വ്യക്തമല്ല. മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭൗതികദേഹം പുറത്തെടുക്കുന്നതിന് മുന്നോടിയായി പ്രാർത്ഥനകളും മറ്റും നടത്തിയിരുന്നു.
എമൺ കേസിയുടെ പീഡനക്കേസ് സഭ കൈകാര്യം ചെയ്ത രീതി വിശ്വാസികളിൽ നിന്നുപോലും കടുത്ത എതിർപ്പിന് കാരണം ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഭയുടെ നടപടി.

